Sunday 29 January 2017

Aquaponics Guide (അക്വാപോണിക്സിനൊരു വഴികാട്ടി)





ജലജീവികളെ വളർത്തലായ അക്വാകൾച്ചറും മണ്ണില്ലാകൃഷി രീതിയായ ഹൈഡ്രോപോണിക്സും സമന്വയിപ്പിച്ചൊരു നൂതന കൃഷിരീതിയാണ് അക്വാപോണിക്സ്. തികച്ചും ജൈവ രീതിയിലുള്ള സുസ്ഥിര കൃഷിരീതിയായ അക്വാപോണിക്സിൽ മണ്ണ് ഒട്ടും തന്നെ ഉപയോഗിക്കുന്നില്ല. വളരെക്കുറച്ചു സ്ഥലത്തു നിന്നും ധാരാളം മത്സ്യത്തോടൊപ്പം വളപ്രയോഗമോ മറ്റ്‌ അധികച്ചിലവുകളോ ഇല്ലാതെ വിഷം തീണ്ടാത്ത പച്ചക്കറികളും പഴങ്ങളും  വിളവെടുക്കാമെന്നുള്ളതാണീ കൃഷിരീതിയുടെ പ്രധാന നേട്ടം. ജല ഉപഭോഗം പരമാവധി കുറക്കാമെന്നുള്ളതും മണ്ണ് വഴിയുള്ള കീട-രോഗ ബാധകൾ ഒഴിവാകുമെന്നത് ബോണസ്സായും കണക്കാക്കാം.

മത്സ്യം വളർത്താനുള്ള ടാങ്ക്‌, സസ്യങ്ങൾ വളരുന്നതിനുള്ള ഗ്രോബെഡ് ടാങ്കിലെ ജലം പുന:ചംക്രമണം നടത്തുന്നതിനാവശ്യമായ പമ്പ് എന്നിവയാണ് അക്വാപോണിക്സ് സംവിധാനത്തിൻറെ അവശ്യഘടകങ്ങൾ. മത്സ്യ ടാങ്കിൽ അടിഞ്ഞുകൂടുന്ന മത്സ്യവിസർജ്യങ്ങളും ആഹാരാവശിഷ്ടങ്ങളും മൂലമുണ്ടാകുന്ന അമോണിയ മീനുകൾ ചത്തൊടുങ്ങാൻ കാരണമാകുന്നു. അക്വാപോണിക്സ് സംവിധാനത്തിൽ രൂപം കൊള്ളുന്ന നൈട്രിഫയിങ് ബാക്ടീരിയ കോളനികൾ അപകടകാരിയായ അമോണിയയെ ആദ്യം നൈട്രൈറ്റും പിന്നീട് നൈട്രേറ്റുമാക്കി മാറ്റുന്നതിനാൽ സസ്യങ്ങൾക്ക് വളമാ യിത്തീരുന്നു. ടാങ്കിൽ നിന്നും പമ്പ് ചെയ്യുന്ന ജലം ഗ്രോബെഡ് വഴി തിരികെ ടാങ്കിലെത്തുമ്പോഴേക്കും അമോണിയ നീക്കം ചെയ്ത് ശുദ്ധീകരിക്കപ്പെടുന്നതിനാൽ വളർത്താവുന്ന മത്സ്യങ്ങളുടെയെണ്ണം ഗണ്യമായി വർദ്ധിപ്പിക്കാൻ കഴിയും.
മത്സ്യക്കുളം.
ചെറിയ അക്വേറിയങ്ങൾ ഉപയോഗപ്പെടുത്തിയും അക്വാപോണിക്സ് കൃഷി സാധ്യമാണ്. മത്സ്യ ടാങ്കിന്റെ (കുളം) അളവിന് ആനുപാതികമായിട്ടാണ് അക്വാപോണിക്സ് സംവിധാനത്തിന്റെ വലിപ്പം കണക്കാക്കുന്നത്. 1000 ലിറ്ററെങ്കിലും ശേഷിയുള്ളൊരു ടാങ്കാണ് സാധാരണ വളർത്തു മത്സ്യങ്ങൾ വളർന്നു കിട്ടാൻ യോജിച്ചത്. 1000 ലിറ്റർ ശേഷിയുള്ളൊരു മത്സ്യക്കുളമുണ്ടെങ്കിൽ 6 മാസം നീളുന്ന ഒരു തവണത്തെ കൃഷിയിൽ നിന്നുതന്നെ ഏകദേശം 40 കിലോഗ്രാം വരെ മത്സ്യം വിളവെടുക്കാൻ കഴിയുകയും 80 ചതുരശ്രയടി വരെ വിസ്തീർണ്ണത്തിൽ ഗ്രോ ബെഡ് സ്ഥാപിക്കുകയും ചെയ്യാം. സിൽപ്പാളിൻ, സിമൻറ്, പ്ലാസ്റ്റിക്, ഫൈബർ ഗ്ലാസ് എന്നിവ കൊണ്ട് നിർമ്മിക്കുന്ന വിവിധ വലിപ്പങ്ങളിലുള്ള അക്വാപോണിക്സിന് വേണ്ടി ഉപയോഗപ്പെടുത്തുന്നത്.
ഗ്രോബെഡ്.
മീഡിയ ബേസ്ഡ്, ഡീപ്പ് വാട്ടർ കൾച്ചർ, ന്യൂട്രിയൻറ് ഫിലിം ടെക്നിക്  (NFT) എന്നീ മൂന്ന് തരം ഗ്രോബെഡുകളാണ്  പ്രധാനമായും അക്വാപോണിക്സ് സംവിധാനത്തിലുപയോഗിക്കുന്നത്. വേണ്ടത്ര നീളത്തിലും വീതിയിലും 10" മുതൽ 12" വരെ ഉയരവുമുള്ള ബെഡിൽ മാധ്യമം നിറച്ചാണ് മീഡിയ ബേസ്ഡ് ഗ്രോബെഡ് തയ്യാറാക്കുന്നത്. മീഡിയ ബേസ്ഡ് ഗ്രോബെഡിൽ സ്വയം പ്രവർത്തിക്കുന്ന സൈഫൺ കൂടി സ്ഥാപിച്ചാൽ വേരുകൾക്കിടയിൽ ആവശ്യമായ വായൂ സഞ്ചാരം ലഭിക്കുമെന്നതിനാൽ ചെടികളുടെ ത്വരിത വളർച്ച ഉറപ്പാകും. മാധ്യമം നിറച്ച ഗ്രോ ബെഡുകളിൽ മണ്ണിരയെക്കൂടി വളർത്തുന്നത് വളരെ പ്രയോജനപ്രദമായിക്കാണുന്നു.
ഡീപ് വാട്ടർ കൾച്ചർ സിസ്റ്റത്തിൽ ജലോപരിതലത്തിൽ പൊങ്ങിക്കിടക്കുന്ന റാഫ്റ്റുകളിൽ ചെടികൾ വളർത്തുന്ന രീതിയാണ് അവലംബിക്കുന്നത്. ന്യൂട്രിയൻറ് ഫിലിം ടെക്നിക്കി (NFT)ലാകട്ടെ മത്സ്യക്കുളത്തിൽ നിന്നും പമ്പ് ചെയ്യുന്ന ജലമൊഴുക്കി വിടുന്ന പൈപ്പിലുണ്ടാക്കുന്ന ദ്വാരങ്ങളിൽ ചെറിയ ചട്ടികൾ വച്ചതിൽ ചെടികൾ നടുകയാണ്‌ ചെയ്യുന്നത്. ഡീപ് വാട്ടർ കൾച്ചർ, NFT സിസ്റ്റങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ഖരമാലിന്യ ഫിൽറ്റർ, ജൈവ ഫിൽറ്റർ എന്നിവ കൂടി സ്ഥാപിക്കുന്നത് അഭികാമ്യമാണ്‌.    
മാധ്യമം.     
ഗ്രോബെഡിൽ നിറക്കുന്ന മാധ്യമം ചെടികളെ ഉറപ്പിച്ചു നിർത്തുന്നതോടൊപ്പം നല്ലൊരു ജൈവ ഫിൽട്ടറിന്റെ ധർമ്മം കൂടി നിർവ്വഹിക്കും. ക്ലേ ബാൾസ് (ഹൈഡ്രോടോൺ) ചല്ലി, ചരൽ തുടങ്ങിയവയൊക്കെ മാധ്യമമായി ഉപയോഗിക്കാം.
ഉപകാരികളായ ബാക്ടീരിയകൾ.
ഗ്രോബെഡിലെ മാധ്യമത്തിലും വേരുപടലങ്ങളിലും രൂപം കൊള്ളുന്ന നൈട്രിഫയിങ് ബാക്ടീരിയകളുടെ  കോളനികൾ മത്സ്യങ്ങൾക്ക് ഹാനികരമായ അമോണിയയെ വിഘടിപ്പിച്ചു സസ്യങ്ങൾക്ക് വളമായി മാറ്റുന്ന പ്രക്രിയയാണ് അക്വാപോണിക്സ് സംവിധാനത്തിൽ മത്സ്യങ്ങളുടെയും സസ്യങ്ങളുടെയും വളർച്ചയെ സഹായിക്കുന്നത്. നൈട്രിഫയിങ് ബാക്ടീരിയകളായ നൈട്രോസോമോണാസ്  നൈട്രോസ്‌പൈറ എന്നിവയാണിങ്ങനെ രൂപം കൊള്ളുന്നത്. അമോണിയയെ നൈട്രൈറ്റാക്കി മാറ്റാൻ സഹായിക്കുന്നത് നൈട്രോസോമോണാസ് ബാക്ടീരിയകളും പിന്നീട് നൈട്രേറ്റാക്കി മാറ്റുന്നത് നൈട്രോസ്‌പൈറ ബാക്ടീരിയകളുമാണ്.
മത്സ്യങ്ങൾ
ശുദ്ധജല മത്സ്യങ്ങളെല്ലാം തന്നെ അക്വാപോണിക്സിന് യോജിച്ചതാണ്. ത്വരിത വളർച്ചയും, നല്ലരുചിയും വിപണന സാധ്യതയും കണക്കിലെടുത്ത് ആസാം വാള, ഗിഫ്റ്റ് തിലാപ്പിയ, നട്ടർ എന്നീ മത്സ്യങ്ങളാണീ പുതിയ കൃഷിരീതിയിൽ ഏറ്റവും കൂടുതൽ ഉപയോഗിച്ചുവരുന്നത്. വരാൽ, മുഷി, കാളാഞ്ചി തുടങ്ങിയവ ഉപയോഗിക്കുന്നവരും കുറവല്ല.   
സസ്യങ്ങൾ.
ഏതാണ്ടെല്ലായിനം പച്ചക്കറികളും ഫലവർഗ്ഗങ്ങളും അക്വാപോണിക്സ് രീതിയിൽ കൃഷി ചെയ്യാവുന്നതാണ്. ഗ്രോബെഡിൽ ചെടികൾ നടുമ്പോൾ സാധാരണ മണ്ണിൽ നടുമ്പോൾ പാലിക്കുന്ന അകലം പാലിക്കേണ്ടതില്ല; ചെടികൾ തമ്മിൽ സൂര്യപ്രകാശത്തിന് പരസ്പരം മത്സരിക്കേണ്ടി വരാത്ത രീതിയിൽ അടുത്തടുത്ത് നടാവുന്നതാണ്.
പമ്പും പ്ലംബിങ്ങും.
1 മീറ്റർ ഹെഡും ഒരു മണിക്കൂറിൽ മത്സ്യ ടാങ്കിന്റെ ശേഷിയുടെ നാലിലൊന്നു അളവ് ജലം പമ്പ് ചെയ്യാനും ശേഷിയുള്ള സബ്മഴ്‌സിബിൾ പമ്പ് തിരഞ്ഞെടുക്കുന്നതാണുത്തമം.
മത്സ്യ ടാങ്കിലെ പമ്പിൽ നിന്നും ഗ്രോ ബെഡിലേക്കും ഗ്രോബെഡിൽ നിന്നും തിരികെ മത്സ്യ ടാങ്കിലേക്കും ജലമൊഴുക്കാൻ പിവിസി പൈപ്പോ, ഫ്ലെക്സിബിൾ ഹൊസോ ഉപയോഗിച്ച് ബന്ധിപ്പിക്കണം.
അക്വാപോണിക്സിനെപ്പറ്റി കൂടുതലറിയാൻ;
Blogs;

2.    Small DIY Aquaponics System;


3.     Make an Indoor Aquaponics System;



Vedeos;

1.    DIYAquaponics for Beginners;  A How To guide to making your first AP system;


2.    Seedstarting for Aquaponics;  

3.    Aquaponics; 


4.               4. DIYpond filter;


5.             5. Homemade Biofilter;

6.            6. Bellsiphon;

Join the Aquaponics Kerala/Keralaponics group for sharing the information and experience regarding aquaponics.




Monday 23 January 2017

Aquaculture Videos (മത്സ്യ കൃഷി വീഡിയോകളിലൂടെ.)






മത്സ്യ കൃഷിയുടെ വിവിധ വശങ്ങൾ കണ്ടു മനസ്സിലാക്കാൻ സഹായിക്കുന്നതാണ് ഇതിലുൾപ്പെടുത്തിയിട്ടുള്ള വീഡിയോ ശേഖരം. പലതരം മത്സ്യങ്ങളുടെ പരിപാലനരീതികൾ, മത്സ്യക്കുളം നിർമ്മാണം, സ്വയം നിർമ്മിക്കാവുന്ന പോണ്ട്ഫിൽറ്ററുകൾ എന്നിവയുടെല്ലാം വീഡിയോ ഉൾക്കൊള്ളുന്നതാണിത്.

മീൻ വളർത്തുമ്പോൾ ശ്രദ്ധിക്കാൻ

ഉമ്മറിന്റെ മീൻ വളർത്തൽ













ചായ മൻസ, ചീരച്ചേമ്പ്‌, രംഭ എന്നിവയുടെ തൈകളും  പുതുതലമുറ വളർത്തു മത്സ്യങ്ങളായ ഗിഫ്റ്റ് തിലാപ്പിയ, നട്ടർ, മലേഷ്യൻ വാള എന്നിവയുടെ കുഞ്ഞുങ്ങളും കേരളാപോണിക്സിൽ ലഭ്യമാണ്. ഫോൺ;  9387735697. -മെയിൽ; keralaponics@gmail.com.