Friday 14 July 2017

Anabas(അനാബസ്)





“വളർത്തുമത്സ്യങ്ങളിൽ പുതുതരംഗമായി അനാബസെന്ന കല്ലേമുട്ടി.”

പുതുതലമുറ വളർത്തുമത്സ്യങ്ങളിൽ പ്രഥമ ഗണനീയമാണ് അനാബസ് എന്ന കല്ലേമുട്ടി. ഇംഗ്ളീഷിൽ ക്ലൈംബിങ്ങ് പേർച്‌ (Climbing perch) എന്നറിയപ്പെടുന്നയീ മത്സ്യം പ്രാദേശികമായി കരട്ടി, ചെമ്പല്ലി, കൈതക്കോര, കരിപ്പിടി, കല്ലേരീ, കല്ലുരുട്ടി എന്നീ പേരുകളിലും അറിയപ്പെടുന്നു.  ഏഷ്യൻ ഭൂഖണ്ഡത്തിലുദ്ഭവിച്ചതെന്ന് കരുതപ്പെടുന്ന ഗൗരാമി കുടുംബക്കാരനായ കല്ലേമുട്ടിയുടെ  ശാസ്ത്രീയ നാമം അനാബസ് ടെസ്റ്റ്യുഡിനിയസ് എന്നാണ്. ലോകമെങ്ങും സാന്നിദ്ധ്യമറിയിക്കാനീ ചെറുമീനിനു കഴിഞ്ഞിട്ടുണ്ട്.

നാടൻ മത്സ്യമായ കല്ലേമുട്ടിക്കൊരു വളർത്തു മത്സ്യമെന്ന പരിഗണന കിട്ടിയിരുന്നില്ല. എന്നാൽ അടുത്തകാലത്തായി ബംഗ്ളാദേശ്, വിയറ്റ്നാം എന്നിവിടങ്ങളിൽ നിന്നും ഇറക്കുമതി ചെയ്ത വളർച്ചാ നിരക്ക് കൂടിയ ഇനങ്ങൾ പ്രചാരത്തിലായതോടെ അനാബസ് തരംഗമായി മാറുകയായിരുന്നു. കരയിൽ പിടിച്ചിട്ടാൽപ്പോലും ചാകാത്ത അനാബസ് രുചിരാജനെന്നു പേരെടുത്ത മീനാണ്. 6 മാസ്സം കൊണ്ട് 400 ഗ്രാം വരെ തൂക്കം വയ്ക്കുമെന്നുള്ളതും, നിശ്ചിത സ്ഥലത്ത് വളരെക്കൂടുതലെണ്ണം വളർത്താമെന്നുള്ളതും ഏത് പ്രതികൂല സാഹചര്യങ്ങളെയും അതിജീവിക്കാനുള്ള അപാര കഴിവും അനാബസിന്റെ മാത്രം പ്രത്യേകതകളാണ്. കരയിലൂടെ വളരെ ദൂരം ഇഴഞ്ഞു നീങ്ങാനുള്ള കഴിവും ഇവയ്ക്കുണ്ട്.

തോടുകളിലും മറ്റു ജലാശയങ്ങളിലും ചെറിയ മീനുകളെയും മറ്റു ജലജീവികളെയും ജൈവ അവശിഷ്ടങ്ങളുമൊക്കെ ഭക്ഷിച്ചു ജീവിക്കുന്ന കല്ലേമുട്ടി വളർത്തുകുളങ്ങളിൽ നമ്മൾ നൽകുന്ന തീറ്റകളുമായി വളരെവേഗം പൊരുത്തപ്പെട്ട് നല്ല വളർച്ചാനിരക്ക് കാണിക്കുന്നുണ്ട്. ഒരു ചതുരശ്ര മീറ്ററിൽ 10-15 എണ്ണം വരെ വളർത്താമെന്നുള്ളത് അനാബസ് മത്സ്യത്തിന്റെ പ്രത്യേകതയാണ്. ടാങ്കുകളിൽ വളർത്തുമ്പോൾ മാർക്കറ്റിൽ ലഭ്യമായ മാംസ്യത്തിന്റെ ശതമാനം കൂടുതലുള്ള  ക്യാറ്റ് ഫിഷുകൾക്കുള്ള തീറ്റ നൽകുന്നതാണ് നല്ലത്.

മത്സ്യം വളർത്തലിൽ തുടക്കക്കാർക്കും അക്വാപോണിക്സ് കൃഷിക്കാർക്കും ഏറ്റവും യോജിച്ച മീനാണ് അനാബസെന്നത് മത്സ്യകൃഷിയിൽ ഈ മീനിന് പ്രാമുഖ്യം കിട്ടാൻ പ്രധാന കാരണമായിട്ടുണ്ട്.


ഉയർന്ന ഗുണനിലവാരമുള്ള ഫാൻസി ഗപ്പികളുടെ വലിയൊരു ശേഖരം തന്നെ പെറ്റ്സ് പാർക്ക് ഗപ്പി ഫാമിൽ {ഗപ്പീസ് പാർക്ക് )വിൽപ്പനയ്‌ക്ക്‌ ലഭ്യമാണ്. ഫോൺ;  9387735697. ഇ-മെയിൽ; keralaponics@gmail.com.

Tuesday 11 July 2017

Murrel Farming(വരാൽ കൃഷി)



"വരാൽ; പോക്ഷക-ഔഷധ ഗുണങ്ങളിലും രുചിയിലും മുമ്പനായ ശുദ്ധജല മത്സ്യം"  

നമ്മുടെ നാടൻ ശുദ്ധജല മത്സ്യങ്ങളിൽ രുചിയിലും ഔഷധഗുണങ്ങളിലും മുന്നിൽ നിൽക്കുന്ന ഒന്നാണ് വരാൽ. മുമ്പൊക്കെ നമ്മുടെ വയലുകളിലും തോടുകളിലും കുളങ്ങളിലും സുലഭമായിരുന്നയീ തനത് മത്സ്യസമ്പത്തിന് കാര്യമായ ശോഷണം നേരിട്ടുകൊണ്ടിരിക്കുകയാണ്. സാധാരണ വരാൽ, ചേറുമീൻ, പുള്ളിവരാൽ, വട്ടാൻ, വാകവരാൽ എന്നിങ്ങനെ അഞ്ചുതരം വരാലുകളാണ് കേരളത്തിൽ കാണപ്പെടുന്നത്. പ്രാദേശികമായി ബ്രാല്, കണ്ണൻ, കൈച്ചിൽ എന്നീ പേരുകളിലും അറിയപ്പെടുന്ന വരാലിനെ  ഇംഗ്ളീഷിൽ സ്നേക്ക് ഹെഡ് എന്നാണറിയപ്പെടുന്നത്.
90 സെന്റീ മീറ്റർ വരെ നീളത്തിൽ വളരുന്ന സാധാരണ വരാലുകൾക്ക് 3 കിലോഗ്രാം വരെ തൂക്കം ഉണ്ടാകാറുണ്ട്. എന്നാൽ വാകവരാലുകൾ 120 സെന്റീ മീറ്റർ വരെ നീളത്തിൽ വളരുകയും 8-10 കിലോഗ്രാം വരെ തൂക്കം വയ്ക്കുകയും ചെയ്യും.



വരാൽ കൃഷി

വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന വരാലുകളെ കൃഷിചെയ്യാൻ തുടങ്ങിയിട്ടുള്ളത് വളരെയധികം പ്രതീക്ഷ നൽകുന്ന ഒന്നാണ്. വാകവരാലിന്റെ പ്രത്യേക രുചിയും ഉയർന്ന പോക്ഷക മൂല്യവും  അപാര വലിപ്പവും ഉന്നത വിപണി മൂല്യവും കൃഷിക്കാരെ ആകർഷിക്കുന്ന മേന്മകളാണ്. എന്നാൽ മത്സ്യ കുഞ്ഞുങ്ങളുടെ ലഭ്യതക്കുറവ്, പ്രത്യേക ആഹാര രീതികൾ, തമ്മിൽ ഭക്ഷിക്കുന്ന ശീലം എന്നിവ ആൾക്കാരെയീ കൃഷിയിൽ നിന്നും പിന്തിരിപ്പിക്കാൻ പോന്നതാണ്.  പ്രേരിത പ്രജനനം വഴി ധാരാളം കുഞ്ഞുങ്ങളെ ഉത്പ്പാദിപ്പിക്കുവാൻ തുടങ്ങിയതോടു കൂടി വരാൽക്കുഞ്ഞുങ്ങൾക്കുള്ള ക്ഷാമത്തിന് പരിഹാരമായിട്ടുണ്ട്

നമ്മുടെ ജലാശയങ്ങളിൽ നിന്നും ജൂൺ മുതൽ ഡിസംബർ വരെയുള്ള  കാലയളവിലാണ് കുഞ്ഞുങ്ങളെ  ശേഖരിക്കാൻ കഴിയുക.   10 സെന്റീ മീറ്റർ വളർന്ന കുഞ്ഞുങ്ങളെയാണ് 3 അടിയിൽക്കൂടുതൽ ആഴമില്ലാത്ത വളർത്തുകുളങ്ങളിൽ ഒരു സെന്റിന് 60-80 എന്നതോതിൽ നിക്ഷേപിക്കുന്നത്. ഒരുവർഷത്തിനകം പ്രായപൂർത്തിയാകുന്ന വാക വരാലിന്റെ പ്രധാന ആഹാരങ്ങൾ ചെറു മത്സ്യങ്ങൾ,  ഒച്ചുകൾ, താവളക്കുഞ്ഞുങ്ങൾ, കൂത്താടികൾ, മത്സ്യമുട്ടകൾ എന്നിവയാണ്.    കുളങ്ങളിൽ വളർത്തുമ്പോൾ കുഞ്ഞുൾക്ക് ഉപ്പില്ലാത്ത മത്സ്യപ്പൊടി, ചെമ്മീൻപൊടി, കൂത്താടികൾ, ഉണക്കിപ്പൊടിച്ച കക്കയിറച്ചി, മണ്ണിരകൾ എന്നിവയും കടകളിൽ വാങ്ങാൻ കിട്ടുന്ന 50%മാംസ്യമടങ്ങിയ   
ക്യാറ്റ് ഫിഷുകൾക്കുള്ള പെല്ലറ്റു ഫീഡും കൊടുക്കാം. വരാലു വളർത്താനുദ്ദേശിക്കുന്ന കുളത്തിൽ രണ്ടു മാസ്സം മുമ്പേ  തന്നെ തിലാപ്പിയ, ഗപ്പി മുതലായ മീനുകളെ ഇട്ടുകൊടുത്താലവ പെറ്റുപെരുകി വരാലിന് ആഹാരമായിക്കൊള്ളും. 
8 മാസ്സം കൊണ്ട് വിളവെടുക്കുമ്പോൾ ഹെക്ടറിന് 4 ടൺ വരെ വിളവ് പ്രതീക്ഷിക്കാം. 
            
ചായ മൻസ, ചീരച്ചേമ്പ്‌, രംഭ എന്നിവയുടെ തൈകളും  പുതുതലമുറ വളർത്തു മത്സ്യങ്ങളായ ഗിഫ്റ്റ് തിലാപ്പിയ, നട്ടർ, മലേഷ്യൻ വാള എന്നിവയുടെ കുഞ്ഞുങ്ങളും കേരളാപോണിക്സി ലഭ്യമാണ്. ഫോൺ;  9387735697. -മെയിൽ; keralaponics@gmail.com.