Monday, 9 October 2017

Kang kong (വയൽച്ചീര)




കാംഗ് കോംഗ് എന്ന ചതുപ്പു നിലത്തിലെ കാബേജ്; കേരളത്തിന് യോജിച്ചൊരു ഇലക്കറിയിനം.



മധുരക്കിഴങ്ങിന്റെ കുടുംബക്കാരനായ കാംഗ് കോംഗ്(Ipomoea aquatica) എന്ന വയൽച്ചീരയെ പരിചയപ്പെടാം. ഉഷ്ണമേഖലാ പ്രദേശങ്ങളിലെ ചതുപ്പ് നിലങ്ങളിലും വെള്ളക്കെട്ടുകളിലും തഴച്ചു വളരുന്നതായിക്കാണുന്നൊരു ചീരയിനമാണിത്. ലോകത്തിൻറെ ഏതാണ്ടെല്ലാ ഭാഗങ്ങളിലും ഇലക്കറിയായി വയൽച്ചീര കൃഷി ചെയ്തുപയോഗിച്ചുവരുന്നു.
ചതുപ്പു നിലത്തിലെ കാബേജ്, ചൈനീസ് വാട്ടർ ക്രെസ് 
എന്നീ പേരുകളിലും അറിയപ്പെടുന്ന കാംഗ് കോംഗ് പോക്ഷകസമൃദ്ധമായൊരു  ഇലക്കറിയിന മാണ്. ഈയടുത്ത കാലത്ത് വിദേശത്ത് നിന്നുമെത്തി പലരുടെയും അടുക്കളത്തോട്ടങ്ങളിൽ സ്ഥാനം പിടിച്ചിട്ടുള്ള പച്ചത്തണ്ടുള്ള വയൽച്ചീരയാണ് കാംഗ് കോംഗ്.  കൂടുതൽ മാംസളമായ ഇലകളും തണ്ടുമുള്ളയീച്ചീര  രുചി കൊണ്ട് മലയാളികളെയും കീഴടക്കിയെന്നു തന്നെ പറയാം. 

പ്രോട്ടീൻ, കാത്സ്യം, വിറ്റാമിൻ 'ഏ', 'ബി' എന്നിവകളാൽ സമ്പന്നമായ വയൽചീരയുടെ ഇലകളും ഇളംതണ്ടുകളുമാണ് ഭക്ഷ്യാവശ്യത്തിനെടുക്കുന്നത്. പച്ചയായും പാകം ചെയ്തും കഴിക്കാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി കുറയ്ക്കാൻ വയൽച്ചീരയുടെ ഉപയോഗം കൊണ്ട് സാധിക്കുമെന്ന് ശാസ്ത്രീയ പരീക്ഷങ്ങളിൽ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഔഷധ ഗുണത്തിന്റെ കാര്യത്തിലും മുമ്പനാണ് വയൽച്ചീര.

പ്രധാനമായി രണ്ടു തരം വയൽച്ചീരകൾ കണ്ടു വരുന്നുണ്ട് പച്ച തന്ടുള്ളതും വെള്ള തന്ടുള്ളതും. വീതി കുറഞ്ഞ ഇലകളും വെള്ള പൂക്കളുമുള്ള, ഈർപ്പമുള്ള മണ്ണിൽ പടർന്ന് വളരുന്നയിനമാണ് പച്ച തന്ടുള്ള വയൽച്ചീര. അമ്പിന്റെ ആകൃതിയിലുള്ള ഇലകളും പിങ്ക് പൂക്കളും നെല്ലിനെപ്പോലെ വെള്ളത്തിൽ വളരുന്നതുമാണ് വെള്ള തന്ടുള്ള വയൽച്ചീര. വെള്ളത്തണ്ടുള്ള വയൽച്ചീര കേരളത്തിലെ വയലുകളിലും വെള്ളക്കെട്ടുകളിലും കളസസ്യമായി കാണപ്പെടുകയും പല ഭാഗങ്ങളിലും ചീരയായിട്ടുപയോഗിച്ചു വരുകയും ചെയ്യുന്നു.

വയൽച്ചീര വിവിധ ഭാഷകളിൽ
 
ഇൻഗ്ളീഷ് - വാട്ടർ മോണിംഗ് ഗ്ലോറി, Water spinach.
മലയാളം - വയൽച്ചീര
വിയറ്റ്നാമീസ് - കാങ് കുങ്.
ജാപ്പനീസ് - യൂ-സായീ
തായ് - പാക് ബങ്
ഹിന്ദി - കാൽമി സാഗ്
ആസ്സാമീസ് - കൊൽമൗ സാക്ക്
ബംഗാളി - കൽമി ഷാക്ക്
തെലുങ്ക് - തൂട്ടി കൂര

വിളവെടുപ്പും ഉപയോഗവും

വയൽച്ചീരയുടെ ഇളം ശാഖകൾ മുറിച്ചെടുത്തു ഇലയും തണ്ടും കൂടി ചെറുതായിട്ടരിഞ്ഞെടുത്തു പാചകത്തിനുപയോഗിക്കാം . ചീരയെപ്പോലെ കറിവയ്ക്കാവുന്ന വയൽച്ചീര വേവിച്ചു ചപ്പാത്തി, ദോശ എന്നിവയുടെ മാവിൽ ചേർത്തു ചുട്ടെടുത്തുമുപയോഗിക്കാം. ചീരയുടെ മണ്ടയിലകളും ഇളന്തണ്ടും പച്ചയ്ക്ക് ചവച്ചു തിന്നാനും മറ്റു പച്ചക്കറികളുടെയും മാംസങ്ങളുടെയും കൂടെ ചേർത്തു പാകം ചെയ്തുമുപയോഗിക്കാവുന്നതാണ്.

കൃഷി രീതികൾ

തണ്ട് മുറിച്ചു നട്ടും വിത്തുകൾ വഴിയും പുതിയ തൈകളുണ്ടാക്കാം. തറയിലും ഗ്രോ ബാഗിലും വളർത്താൻ യോജിച്ച ചീരയിനമാണിത്. ഗ്രോ ബാഗിൽ നടുമ്പോൾ വള്ളികൾ പടരാൻ അനുവദിക്കാതെ നാമ്പുകൾ മുറിച്ചെടുത്താൽ ധാരാളം ശാഖകളുണ്ടായി കുറ്റിച്ചെടി മാതിരി വളർന്നു കിട്ടും 
.
വയൽച്ചീര കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യപരമായ നേട്ടങ്ങൾ.

  •    വയൽച്ചീരയിലുള്ള ആന്റിഓക്സിഡന്റുകൾ ക്യാൻസറിനെ ചെറുക്കാൻ സഹായിക്കും.
  •      വയൽച്ചീരയിലുള്ള ബീറ്റാ-കരോട്ടിൻ കാഴ്ചശക്തി മെച്ചപ്പെടുത്തും
  •    രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും വിളർച്ച ഒഴിവാക്കുകയും ചെയ്യും
  •  മഞ്ഞപ്പിത്തത്തിനും കരൾ സംബന്ധമായ മറ്റസുഖങ്ങളുടെ ചികിത്സക്കും ഉപയോഗിക്കുന്നു.
  •   ആർത്തവത്തോടനുബന്ധിച്ചുണ്ടാകുന്ന വേദനയ്ക്ക് ശമനമുണ്ടാക്കുന്നു.
  • അൾസർ ചികിത്സയ്ക്ക് കൈകണ്ട ഔഷധമാണ്.
  • തലവേദനയ്ക്കും പല്ലുവേദനയ്ക്കും ശമനമുണ്ടാക്കുന്നു.
  •  ത്വക്ക് രോഗങ്ങളുടെയും താരന്റെയും ചികിത്സക്കും ഉപയോഗിക്കുന്നു.
  •  രക്ത ധമനികളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു.
  •  ശരീരത്തിൻറെ ഗ്ലൂക്കോസ് ആഗിരണശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
  • ശരീരത്തിലുണ്ടാകുന്ന വിഷപദാർതഥങ്ങൾ പുറന്തള്ളാൻ സഹായിക്കുന്നു.  

പോക്ഷക സമൃദ്ധമായ ധാരാളം കറിയിലകൾ നൽകുന്നതും നിഷ്പ്രയാസം നട്ടുവളർത്താവുന്നൊരു ചീരയിനമാണിത്. നിങ്ങളുടെ അടുക്കളത്തോട്ടത്തിനൊരു മുതൽക്കൂട്ടാകും  കാംഗ് കോംഗ് എന്ന വയൽച്ചീര.

ചായ മൻസ, ഇലച്ചേമ്പ് മുതലായ നിത്യഹരിത ഇലക്കറികളുടെ തൈകൾ കേരളാപോണിക്സിൽ ലഭ്യമാണ്. ഫോൺ; 9387735697 ഇ-മെയിൽ; keralaponics@gmail.com




 


Saturday, 7 October 2017

Sweet Basil (മധുരത്തുളസി)




കേരളത്തിലും നല്ല രീതിയിൽ വളർത്തി വിളവെടുക്കാവുന്നൊരു സുഗന്ധവിളയാണ് ആഹാരത്തിനും ഔഷധത്തിനും ഉപയോഗിക്കാവുന്ന മധുരത്തുളസി.





സ്വീറ്റ് ബേസിൽ ( Ocimum basilicum) എന്ന് ഇംഗ്ളീഷിലറിയപ്പെടുന്ന സുഗന്ധവാഹിയായ ഔഷധസസ്യത്തെ മധുരത്തുളസിയെന്ന് മലയാളീകരിക്കാം. മധുരത്തിനായി പഞ്ചസാരക്ക് പകരം ഉപയോഗിക്കുന്ന 'സ്റ്റീവിയ'യും മധുരത്തുളസിയെന്നറിയപ്പെടുന്നത്കൊണ്ടാണീ വിശദീകരണം വേണ്ടിവരുന്നത്. വൈവിധ്യമാർന്ന ധാരാളം തുളസിയിനങ്ങളുള്ള നമ്മുടെ നാട്ടിൽ കൂടുതലും പാചകാവശ്യത്തിനായി ഉപയോഗിക്കുന്ന മധുരത്തുളസി അത്ര പരിചിതമാണെന്ന് തോന്നുന്നില്ല.ഒരു വാർഷിക സസ്യമായ മധുരത്തുളസി വളരെയധികം ശാഖകളുമായി രണ്ടടിയോളം പൊക്കത്തിൽ വരെ വളരുന്നു.

കൃഷിരീതി

നടീൽ വസ്തുക്കളായി വിത്തുകളും വേരുപിടിപ്പിച്ച തണ്ടുകളും പ്രയോജനപ്പെടുത്താം. ചട്ടി, ഗ്രോബാഗ് എന്നിവയിലും തറയിലും നല്ല രീതിയിൽ വളരും. നല്ലനീർവാർച്ചയുള്ള മണ്ണും നേരിട്ടുള്ള സൂര്യപ്രകാശവും ആരോഗ്യകരമായ വളർച്ചയുറപ്പാക്കും. ചെടികൾ തമ്മിൽ ഒരടിയകലം മതിയാകും. ചെടികൾക്ക് കൂടുതൽ ശാഖകളുണ്ടാകാൻ മണ്ട നുള്ളിക്കൊടുക്കാം.

കുടിവെള്ളത്തിലും കുളിക്കാനുള്ള വെള്ളത്തിലും മധുരത്തുളസി.

പച്ചയോ ഉണക്കിയെടുത്തതോ ആയ കുറച്ചു മധുരത്തുളസിയിലകൾ കുടിക്കാനുള്ള വെള്ളത്തിലിട്ടു തിളപ്പിച്ചെടുത്താൽ വെള്ളത്തിനു ഔഷധഗുണത്തിനു പുറമെ സ്വാദും സുഗന്ധവും കൂടി ലഭിക്കും.
ഒരു കപ്പ് മധുരത്തുളസിയില ചതച്ചു രണ്ട് കപ്പ് വെള്ളത്തിലിട്ടു 15-20 മിനിട്ട് നേരം തിളപ്പിച്ചെടുത്ത വെള്ളം കുളിക്കാനുള്ള വെള്ളത്തിൽ ചേർത്തു കുളിച്ചാൽ ദീർഘനേരം ശരീരത്തിൽ സുഗന്ധം നിലനിൽക്കുകയും ത്വക്‌രോഗങ്ങളെ പ്രതിരോധിക്കുകയും ചർമ്മത്തിന്റെ സ്വാഭാവിക തിളക്കം നിലനിർ ത്താൻ സഹായിക്കുകയും ചെയ്യും.

പാചകാവശ്യത്തിന് മധുരത്തുളസി

ആഹാരാവശ്യത്തിനുപയോഗിക്കാൻ മധുരത്തുളസിയുടെ പച്ചയിലകൾ തന്നെയാണുത്തമം. ബീൻസ്, ചിക്കൻ, മുട്ട, മത്സ്യം, കൂൺ, പാസ്റ്റാ, പാസ്റ്റാ സോസ്, സലാഡ് എന്നിവയിലെല്ലാം രുചിയും മണവും കിട്ടാൻ മധുരത്തുളസി ചേർക്കാം. പെസ്റ്റോ സോസ്‌, ഹെർബ് വിനഗർ, ഹെർബ് ബട്ടർ എന്നിവയിലെയും പ്രധാന ചേരുവയായി മധുരത്തുളസി ഉപയോഗിക്കാം. മധുരത്തുളസിയിലകളിൽ നിന്നുണ്ടാക്കുന്ന സുഗന്ധതൈലവും പലഹാരങ്ങളിലും കെച്ചപ്പ്, സോസ്, സലാഡ് മുതലായവകളിലും ചേർക്കാനുപയോഗിക്കുന്നു. 

ഔഷധമായി മധുരത്തുളസി

അരോമ തെറാപ്പിയെന്ന പ്രകൃതി ചികിത്സാരീതിയിൽ മാനസിക സമ്മർദ്ദം, ചിന്നിക്കുത്ത്, ജലദോഷം, പലതരം പനികൾ മുതലാവയുടെ ചികിത്സക്ക് മധുരത്തുളസി ഉപയോഗിക്കുന്നു. തലവേദന, ദഹനപ്രശ്‌നങ്ങൾ, ഉദരരോഗങ്ങൾ, വയറിളക്കം മുതലായവയുടെ ചികിത്സക്കും മധുരത്തുളസി ഫലപ്രദമാണ്. ഫ്‌ളവർ തെറാപ്പിയിലും ഇതുപയോപ്പെടുത്തുന്നു. 
    
മധുരത്തുളസി സസ്യസംരക്ഷണത്തിന്.

മധുരത്തുളസികളുടെ കൂട്ടത്തിൽ നടുന്ന തക്കാളികൾക്ക് (സഹസസ്യമായി) ത്വരിത വളർച്ചയും വലിപ്പമേറിയതും ചാറ് കൂടുതലുമുള്ള കായ്കളും കിട്ടുന്നതായിക്കാണുന്നു. മധുരത്തുളസി ഉപയോഗിച്ചുള്ള കെണി കായീച്ച, വെള്ളീച്ച, എഫിഡ് എന്നിവയെ നശിപ്പിക്കാനുത്തമമാണ്.

സൂക്ഷിച്ചു വയ്ക്കൽ

വിളവെടുക്കുന്ന മധുരത്തുളസിയിലകൾ മുഴുവനും ഉപയോഗിച്ച് തീർക്കാൻ സാധിക്കാതെ വരുമ്പോളാണ് നമ്മൾ അവയെ പാഴാക്കാതെ സൂക്ഷിച്ചു വച്ചുപയോഗിക്കാനുള്ള മാർഗ്ഗങ്ങളാരായുന്നത്. ഇലകൾ പ്ലാസ്റ്റിക് കവറുകളിലാക്കി ഫ്രിഡ്ജിൽ കുറെ ദിവസ്സങ്ങൾ സൂക്ഷിക്കാം. വിന്നാഗിരിയിലോ ഒലീവ് ഓയിലിലോ ഇട്ടു വച്ചിരുന്നാൽ കൂടുതൽ നാൾ കേടു കൂടാതെയിരിക്കും. വളരെക്കൂടുതൽ ഇലകളുള്ളപ്പോൾ ഉണക്കി സൂക്ഷിക്കാം. ഉണക്കുമ്പോൾ അടിസ്ഥാന ഗുണങ്ങൾ നിലനിൽക്കുമെങ്കിലും രുചിയിലും മണത്തിലും വ്യത്യാസം വരുമെന്നതൊരു ന്യൂനതയാണ്. 

 നിങ്ങളും വീട്ടിൽ നട്ടുവളർത്തുക, ഐശ്വര്യവാഹിയായ മധുരത്തുളസിയെ.

ചായ മൻസ, ചീരച്ചേമ്പ്‌, രംഭ എന്നിവയുടെ തൈകളും  പുതുതലമുറ വളർത്തു മത്സ്യങ്ങളായ ഗിഫ്റ്റ് തിലാപ്പിയ, നട്ടർ, മലേഷ്യൻ വാള, അനാബസ് എന്നിവയുടെ കുഞ്ഞുങ്ങളും കേരളാപോണിക്സിൽ ലഭ്യമാണ്. ഫോൺ;  9387735697. -മെയിൽ; keralaponics@gmail.com.