Saturday 18 March 2017

Fermented Greenleaf Tea (പുളിപ്പിച്ച പച്ചിലസത്ത്.)





പുളിപ്പിച്ച പച്ചിലസത്ത് ഒന്നാംതരം ജൈവവളർച്ചാത്വരകം.

കുറഞ്ഞ ചിലവിൽ ഗുണമേന്മയുള്ള കൂടുതൽ ഉത്പ്പന്നങ്ങളുണ്ടാക്കി വിപണനം നടത്താൻ കഴിയുകയെന്നുള്ളതാണ് ഏതൊരു ഉത്പ്പാദന സംരംഭങ്ങളുടെയും വിജയരഹസ്യം. പൊതുതത്വം    ജൈവ കൃഷിക്കും ബാധകമാണ്. താരതമ്യേന ഉയർന്ന കൃഷിച്ചിലവുണ്ടാകുന്ന നമ്മുടെ സംസ്ഥാനത്ത് കൂനിന്മേൽ കുരുവെന്നപോലെയാണ് വിവിധ ജൈവ ബ്രാൻഡുകളിൽ വിൽക്കപ്പെടുന്ന വളങ്ങളുടെയും കീട-കുമിൾ നാശിനികളുടെയും താങ്ങാനാവാത്ത വില

നമ്മുടെ കൃഷിക്കാവശ്യമായ ജൈവ വളങ്ങളും കീട-കുമിൾ നാശിനികളും സ്വന്തമായി തയ്യാറാക്കി ഉപയോഗിക്കുകയെന്നതാണ് ജൈവക്കൃഷി ലാഭകരമാക്കാനുള്ള പ്രധാന മാർഗ്ഗം. അത്തരമൊരു ജൈവവള നിർമ്മാണ രീതി വിവരിക്കുകയാണിവിടെ. വിളകൾക്ക് ശല്യക്കാരായ കളകളും മറ്റു പച്ചിലകളും ശേഖരിച്ചു വലിയ ചിലവൊന്നുമില്ലാതെ സ്വന്തമായി തയ്യാറാക്കാവുന്ന ഒന്നാംതരം വളർച്ചാത്വരകമാണ് പുളിപ്പിച്ച പച്ചിലസത്ത്  അഥവാ കളസത്ത്. നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാഷ്, ഇരുമ്പ്, മഗ്നീഷ്യം, സിങ്ക് എന്നിവ ധാരാളമടങ്ങിയ പച്ചിലസത്ത് വിളകൾക്കാവശ്യമായ സൂക്ഷ്മ മൂലകങ്ങളാലും സമ്പന്നമാണ്.

50 ലിറ്റർ പച്ചിലസത്തുണ്ടാക്കാൻ വേണ്ട സാധനങ്ങൾ.

കളകളും പച്ചിലകളും - 10kg
ശർക്കര - 100g 
കല്ലുപ്പ് - 100g
വാളൻപുളി - 100g
വെള്ളം - 50ലിറ്റർ.

തയ്യാറാക്കുന്ന വിധം
 
50 ലിറ്റർ കൊള്ളുന്ന പ്ലാസ്റ്റിക് പാത്രത്തിൽ (ബാരലോ, ബക്കറ്റോ ആകാം)  5ലിറ്റർ വെള്ളമെടുത്തതിൽ ശർക്കര, പുളി, ഉപ്പ് എന്നിവയിട്ട് നന്നായി ലയിപ്പിച്ചെടുക്കണം. പ്രസ്തുത ലായനിയിലേക്കു കളകളും പച്ചിലകളും ചെറുതായി കൊത്തിയരിഞ്ഞതിട്ടു  ഇളക്കിച്ചേർത്തതിനു ശേഷം ബാക്കി വെള്ളവും കൂടി ചേർത്ത് ബാരൽ നിറച്ചിട്ടു ചണച്ചാക്കുകൊണ്ട് മൂടി  15 ദിവസ്സം വച്ചിരിക്കണം. ദിവസ്സവും ഒരു നേരമെങ്കിലും നന്നായി ഇളക്കിക്കൊടുക്കുന്നത് നല്ലതാണ്. പതിനാറാം ദിവസ്സം മുതൽ പച്ചിലസത്ത് ഉപയോഗിക്കാൻ റെഡിയാകും. പിഴിഞ്ഞ് അരിച്ചെടുത്തുപയോഗിക്കാം.

ഉപയോഗക്രമം.

ചെടികളുടെ ചുവട്ടിൽ നേരിട്ടു ഒഴിച്ചു കൊടുക്കാനും ഇലകളിൽ തളിച്ചുകൊടുക്കാനും പുളിപ്പിച്ച പച്ചില സത്ത് നല്ലതാണ്. ചുവട്ടിൽ ഒഴിച്ചു കൊടുക്കാനുള്ള ലായനി അരിക്കേണ്ടതില്ല. ചെടികൾക്ക് നല്ല പ്രതിരോധ ശേഷിയും ത്വരിത വളർച്ചയും ഉറപ്പാക്കുന്നതാണീ ജൈവവളം.
 
ചായ മൻസ, ചീരച്ചേമ്പ്‌, രംഭ എന്നിവയുടെ തൈകളും  പുതുതലമുറ വളർത്തു മത്സ്യങ്ങളായ ഗിഫ്റ്റ് തിലാപ്പിയ, നട്ടർ, മലേഷ്യൻ വാള എന്നിവയുടെ കുഞ്ഞുങ്ങളും കേരളാപോണിക്സിൽ ലഭ്യമാണ്. ഫോൺ;  9387735697. -മെയിൽ; keralaponics@gmail.com.
  




1 comment:

  1. ഒന്നാംതരം ജൈവ വളർച്ചാത്വരകമായ പുളിപ്പിച്ച കളസത്തിന്റെ പ്രാധാന്യവും നിർമ്മാണരീതിയും ഉപയോഗക്രമവും വിവരിക്കുന്ന കേരളപോണിക്സ് ബ്ലോഗ്പോസ്റ്റ് വായിക്കാം ചെടികളുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ആരോഗ്യകരമായ വളർച്ച ഉറപ്പാക്കുകയും ചെയ്യുന്ന പച്ചിലസത്ത് നാമമാത്രമായ ചിലവിൽ വീട്ടിൽത്തന്നെ നിർമ്മിക്കാവുന്നതാണ്.

    ReplyDelete