Sunday 14 May 2017

Terrarium (ചില്ലുകൂട്ടിലെ ഉദ്യാനം)






"കണ്ണാടിപ്പാത്രത്തിനുള്ളിലൊരുക്കുന്ന മനോഹരമായ ഉദ്യാനമായ ടെറേറിയം വീടിനകം അത്യാകർഷകമാക്കുന്നൊരു ജീവസ്സുറ്റ ഗൃഹാലങ്കാരസംവിധാനമാണ്"



സുതാര്യമായ കണ്ണാടിപ്പാത്രങ്ങളിൽ ചെറുജീവികളെയും സസ്യങ്ങളെയും വളർത്തുന്ന 'വിവേറിയം' കുടുംബത്തിലെയൊരു പ്രധാന അംഗമാണ് ടെറേറിയം. വിവിധ രൂപങ്ങളിലുള്ള കണ്ണാടി പാത്രങ്ങൾക്കുള്ളിലൊരുക്കുന്ന ചെറു ഉദ്യാനങ്ങളാണിവ.  വീടുകൾക്കുള്ളിലെവിടെയും സ്ഥാപിക്കാമെന്നുള്ളത് കൊണ്ട് സ്ഥലപരിമിതി മൂലം ചെടികൾ നട്ടുവളർത്താൻ കഴിയാത്തവർക്ക് എത്ര പരിമിതമായ സ്ഥലസൗകര്യത്തിലും ഇഷ്ടപ്പെട്ട ചെടികൾ നട്ടുവളർത്താൻ സഹായിക്കുന്ന ടെറേറിയം ഒരനുഗ്രഹം തന്നെയാണ്. കേരളത്തിലും ഫ്ളാറ്റുകളിലെ താമസക്കാരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ടെറേറിയത്തിന്റെ പ്രചാരം വർദ്ധിക്കുന്നത് സ്വാഭാവികം മാത്രം.  

കലയും ശാസ്ത്രവും കൈകോർക്കുന്നൊരു പ്രവൃത്തിയാണ് ടെറേറിയമൊരുക്കൽ. യോജിച്ച പാത്രങ്ങളും ചെടികളും അലങ്കാര സാമഗ്രികളും തിരഞ്ഞെടുക്കുന്നതിലും ടെറേറിയം അത്യാകർഷകമാക്കുന്നതിലും നിർമ്മാതാവിന്റെ ശാസ്ത്രീയ ബോധത്തിനും കലാവാസനയ്ക്കും കരവിരുതിനും പ്രധാന പങ്കാണുള്ളത്. തിരഞ്ഞെടുത്ത അന്തർഗൃഹ സസ്യങ്ങളുപയോഗിച്ചു നിർമ്മിക്കുന്നൊരു ചില്ലുകൂട്ടിലെ ഉദ്യാനം വായൂ ശുദ്ധീകരണത്തിനും കൊതുകുകളെ അകറ്റാനും കൂടി പ്രയോജനപ്പെടുത്താം.   

ടെറേറിയ ത്തിന്റെ രൂപവും ഭാവവും 

അടപ്പുള്ള പാത്രങ്ങളിൽ മുഴുവനും അടച്ചുവയ്ക്കുന്ന രീതിയിലും  തുറന്ന പാത്രങ്ങളിലും ടെറേറിയം നിർമ്മിക്കാം. പാത്രങ്ങളുടെ രൂപത്തിനനുസ്സരിച്ചുള്ള ചെടികൾ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കൂടുതൽ ഈർപ്പം തങ്ങി നിൽക്കുമെന്നതിനാൽ മുഴുവനും അടച്ചു മൂടിയ പാത്രങ്ങൾ കള്ളിച്ചെടികൾ വളർത്താൻ യോജിച്ചതല്ല.
പ്രധാനമായും കാടിന്റെയും മരുഭൂമിയുടെയും ഭാവങ്ങൾ പുനർ സൃഷ്ടിക്കുന്ന ടെറേറിയങ്ങളാണ് നിർമ്മിക്കാറുള്ളത്. ചെടികൾ കുത്തി നിറച്ചു നട്ടു കാടിന്റെ പ്രതീതിയും സക്കലന്റ് വിഭാഗത്തിലെ ചെടികളും യോജിച്ച അലങ്കാരവസ്തുക്കളുമുപയോഗിച്ചു മരുഭൂമിയുടെ പ്രതീതിയും സൃഷ്ടിക്കാൻ കഴിയും.  
 
ടെറേറിയത്തിനു യോജിച്ച ചെടികൾ.


കൂടുതൽ പൊക്കത്തിൽ വളരാത്തതും കാര്യമായ ജലസേചനമോ ശ്രദ്ധയോ ആവശ്യമില്ലാതെ വളരുന്നതുമായ ചെടികളെയാണ് ടെറേറിയത്തിലേക്കു തിരഞ്ഞെടുക്കേണ്ടത്. ക്രിപ്റ്റാന്തസ്, അഗേവ്, സാന്സിവീരിയ, ടില്ലൻസിയ, പെപ്പെറോമിയ, ഫിറ്റോണിയ, സിങ്കോണിയം, പന്നൽച്ചെടികൾ, കള്ളിച്ചെടികൾ തുടങ്ങിയവ ചില്ലുകൂടുകളിൽ വളർത്താൻ യോജിച്ച ഇനങ്ങളാണ്. 
   
നടീൽ മിശ്രിതം തയ്യാറാക്കൽ.

ടെറേറിയത്തിൽ നടുന്ന ചെടികൾക്കാവശ്യമായ ജലത്തിന്റെ തോതനുസ്സരിച്ചാണ് നടീൽ മിശ്രിതം തയ്യാറാക്കേണ്ടത്. വളരെക്കുറച്ചു മാത്രം ജലം ആവശ്യമുള്ള സക്കലൻറ്, കള്ളിച്ചെടികൾ മുതലായവയ്ക്ക് 2:1:1 എന്ന തോതിൽ ആറ്റുമണൽ, ചകിരിച്ചോറ്, മണ്ണിരകമ്പോസ്റ്റ് എന്നിവ കൂട്ടിയിളക്കിയ മിശ്രിതം ഉപയോഗിക്കാം.

ധാരാളം ജലം ആവശ്യമുള്ള സിങ്കോണിയം, പെപ്പറോമിയ, ഫേണുകൾ ആദിയായവയ്ക്കു 2:1:1 എന്ന അനുപാതത്തിൽ ചകിരിച്ചോറ്, ആറ്റുമണൽ, മണ്ണിരകമ്പോസ്റ്റു എന്നിവ ചേർത്തിളക്കിയ മിശ്രിതം ഉപയോഗിക്കാം. 
  
ടെറേറിയം നിർമ്മാണം.

കണ്ണാടിപ്പാത്രത്തിൻറെ ഏറ്റവും അടിയിൽ ഒരടുക്ക്ഗ്രാവലോ മാർബിൾ ചിപ്സോ ഇടാം അതിന് മുകളിൽ കുറച്ചു മരക്കരി നിരത്തിയിട്ട് അതിന് മുകളിലാണ് നടീൽ മിശ്രിതം നിറയ്ക്കേണ്ടത്. വേരുപടലം കൂടുതലുള്ള ചെടികൾക്ക് മിശ്രിതത്തിന്റെ അളവ് കൂടുതൽ വേണ്ടിവരും. പാത്രത്തിനുള്ളിൽ രൂപപ്പെടാവുന്ന വിഷവാതകങ്ങൾ വലിച്ചെടുക്കുന്നതിനും ചെടികളുടെ ആരോഗ്യകരമായ വളർച്ച ഉറപ്പാക്കുന്നതിനുമാണ് മരക്കരി ഉപയോഗിക്കുന്നത്.മിശ്രിതത്തിൽ ചെടികൾ നട്ടിട്ട് അലങ്കാരവസ്തുക്കളുപയോഗിച്ചു ടെറേറിയം മോടിപിടിപ്പിക്കാം. ചെടികൾ നന്നായി നനക്കുകയും കണ്ണാടിപ്പാത്രം തുടച്ചെടുക്കുകയും ചെയ്യുന്നതോടെ ടെറേറിയം റെഡി.  
  
ടെറേറിയം പരിപാലനം.

വലിയ പരിചരണങ്ങളൊന്നും ആവശ്യമുള്ളതല്ല ടെറേറിയം. നടീൽ മിശ്രിതം നിരീക്ഷിച്ചാൽ അതിലെ ഈർപ്പത്തിന്റെ അളവ് മനസ്സിലാക്കാം. ഈർപ്പം കുറയുമ്പോൾ വെള്ളം ഒരു വലിയ സിറിഞ്ച് ഉപയോഗിച്ച് ചെടികളുടെ ചുവട്ടിൽ ഒഴിച്ചു കൊടുക്കണം. ജലം അധികമാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കുറച്ചു ദിവസങ്ങൾക്കകം ഓരോ ചെടിക്കുമാവശ്യമുള്ള ജലത്തിന്റെ അളവ് നമുക്ക് തന്നെ ബോധ്യപ്പെടും. (ടെറേറിയവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്; Terrarium India; 9387735697.)
      
സ്വയം നിർമ്മിച്ചൊരു ടെറേറിയം കൊണ്ട് വീടലങ്കരിക്കണമെന്നു നിങ്ങൾക്കും തോന്നുന്നില്ലെ?

എല്ലാത്തരം ടെറേറിയങ്ങളും പാലുഡേറിയങ്ങളും  ചായ മൻസ, ചീരച്ചേമ്പ്‌, രംഭ എന്നിവയുടെ തൈകളും  പുതുതലമുറ വളർത്തു മത്സ്യങ്ങളായ ഗിഫ്റ്റ് തിലാപ്പിയ, നട്ടർ, മലേഷ്യൻ വാള എന്നിവയുടെ കുഞ്ഞുങ്ങളും കേരളാപോണിക്സിൽ (Keralaponics)ലഭ്യമാണ്. ഫോൺ;  9387735697. -മെയിൽ; keralaponics@gmail.com.


2 comments:

  1. ചില്ലുകൂട്ടിലൊരുക്കുന്ന മനോഹരമായ ഉദ്യാനമായ ടെറേറിയം പ്രകൃതിസൗഹൃദവും ജീവസ്സുറ്റതുമായൊരു ഗൃഹാലങ്കാര സംവിധാനമാണ്‌. ഹരിതസൗന്ദര്യം വഴിഞ്ഞൊഴുകുന്ന പ്രകൃതിയുടെ ഒരു ചിന്ത് നമ്മുടെ സ്വീകരണമുറിയെലെത്തിച്ച പ്രതീതിയുളവാക്കാൻ പോന്നതാണവ. ടെറേറിയത്തിന്റെ പ്രത്യേകതകളും നിർമ്മാണരീതിയും പരിപാലനമുറകളും വിവരിക്കുകയാണീ പോസ്റ്റിൽ.

    ReplyDelete