Saturday 19 December 2015

Moringa leaf fertilizers (മുരിങ്ങയില വളങ്ങൾ)





"ജൈവ പച്ചക്കറികൃഷി യിൽ വിപ്ല വം സൃഷ്ടിക്കാൻ മുരിങ്ങയില വളങ്ങൾ"

ഇന്ത്യയുടെ സ്വന്തമായിരുന്ന മുരിങ്ങയിപ്പോൾ ലോകത്തെല്ലായിടത്തും കൃഷി ചെയ്യപ്പെടുന്നൊരു വിലപ്പെട്ട വൃക്ഷമായി മാറിയിരിക്കുകയാണ്.പല രാജ്യങ്ങളിലും പച്ചക്കറിക്കായിട്ടല്ല മറിച്ച് ഔഷധങ്ങൾക്കും വളങ്ങൾക്കും വേണ്ടി മാത്രമാണിത് കൃഷിചെയ്യപ്പെടുന്നത്. ചെടികളിൽ വളർച്ചാത്വരകമായി പ്രവർത്തിക്കുന്ന സൈറ്റൊകെനിൻ വിഭാഗത്തിൽപ്പെടുന്ന സിയാറ്റിൻ എന്ന ഹോർമോണ്‍ മുരിങ്ങയിലയിൽ ധാരാളമടങ്ങിയിട്ടുണ്ട്. അതു കൊണ്ടാണ് മുരിങ്ങയിലയിൽ നിന്നുണ്ടാക്കുന്ന വളങ്ങൾക്ക് വലിയ പ്രാധാന്യം ലഭിച്ചുകൊണ്ടിരിക്കുന്നത്. നിസ്സാര ചിലവിൽ വീട്ടിൽത്തന്നെ  തയ്യാറാക്കി ഉപയോഗിക്കാവുന്നതും  വളരെയധികം ഫലപ്രദമായതുമായ മുരിങ്ങയിലയിൽ നിന്നുള്ള വളങ്ങളുടെ ഉപയോഗത്തിൽ നാം ആഫ്രിക്കൻ രാജ്യങ്ങളെക്കാളും പിന്നിലാണെന്നതാണ്  യാഥാര്‍ഥ്യം. ഘാനയിലെ ജൈവ കൃഷിയിൽ മുരിങ്ങയില വളങ്ങൾക്ക് പ്രധാന പങ്കാണുള്ളത്.
നമുക്കും മുരിങ്ങയില വളങ്ങളുണ്ടാക്കി ഉപയോഗിക്കാൻ തുടങ്ങിയാൽ വളത്തിനും കീടനാശിനികൾക്കുമായുള്ള ചെലവ്കുറച്ചു ജൈവ കൃഷി വളരെ ആദായകരമാക്കാൻ കഴിയും. മുരിങ്ങയില സത്ത്, മുരിങ്ങയില പുളിപ്പിച്ച സത്ത്, മുരിങ്ങയില കമ്പോസ്റ്റ്, മുരിങ്ങയിലപ്പൊടി എന്നിവയാണ് പ്രധാന മുരിങ്ങയില വളങ്ങൾ.ഈ വളങ്ങൾ തയ്യാറാക്കുന്നതെങ്ങനെയെന്നു നോക്കാം.

മുരിങ്ങയില സത്ത്

മുരിങ്ങയില കുറച്ചു വെള്ളം ചേർത്ത് മിക്സിയിലടിച്ചു അരിച്ചെടുത്താൽ മുരിങ്ങയില സത്ത് റെഡി. 30 ഇരട്ടി ക്ലോറിൻ ചേരാത്ത വെള്ളം ചേർത്ത് ചെടികളുടെ ഇലകളിലും തണ്ടിലും തളിച്ച് കൊടുക്കാം. നല്ല വളർച്ചയും വളരെ ഉയർന്ന വിളവും ഉറപ്പ്. പല കീടങ്ങളുടെയും ആക്രമണം തടയാനും ഇതുപകരിക്കും. വിത്ത്‌ മുളച്ച് നാലിലയാകുമ്പൊഴും പൂവിടാൻ തുടങ്ങുമ്പോഴും തളിച്ച് കൊടുക്കുന്നത് കൂടുതൽ ഗുണം ചെയ്യും. വിത്തുകൾ പാകുന്നതിനു  മുമ്പ് 6 മണിക്കൂർ വരെ 30 ഇരട്ടി വെള്ളം ചേർത്ത്  നേർപ്പിച്ച മുരിങ്ങയില സത്തിൽ കുതിർത്ത് വച്ചിട്ട് പാകിയാൽ വിത്തിന്റെ മുളയ്ക്കൽ ശേഷി 25% കണ്ട് വർദ്ധിക്കും. സാധാരണ അന്തരീക്ഷത്തിൽ 5 മണിക്കൂർ വരെയാണിത് കേടുകൂടാതെയിരിക്കുന്നത്.  അതുകൊണ്ട് അന്നന്നുള്ള ആവശ്യത്തിനു മാത്രം മുരിങ്ങയില സത്തുണ്ടാക്കി ഉപയോഗിക്കുന്നതാണ് ഉത്തമം.

മുരിങ്ങയില പുളിപ്പിച്ച സത്ത്

5 kg മുരിങ്ങയില, 40g വാളൻ പുളി, 40g കല്ലുപ്പ്, 40g ശർക്കര എന്നിവ ഒരു ബക്കറ്റിലിട്ടു  20 ലിറ്റർ വെള്ളം കൂടി ചേർത്ത് നന്നായി ഇളക്കി വെയിലും മഴയും ഏൽക്കാതെ 15 ദിവസ്സം സൂക്ഷിക്കണം. മൂന്ന് ദിവസ്സത്തെ ഇടവേളകളിൽ നന്നായി ഇളക്കിക്കൊടുക്കണം. പതിനാറാമത്തെ ദിവസ്സം മുതൽ ഈ പുളിപ്പിച്ച സത്ത് ഉപയോഗിച്ച് തുടങ്ങാം. 20 ഇരട്ടി വെള്ളം ചേർത്ത് ചെടികളുടെ ചുവട്ടിൽ ഒഴിച്ച് കൊടുക്കാം. ഒരിക്കൽ തയ്യാറാക്കിയാൽ മുന്ന് മാസ്സം വരെ സൂക്ഷിച്ചു വയ്ക്കാം. ഇടയ്ക്ക് ഇളക്കിക്കൊടുക്കുന്നത് നല്ലതാണ്.

മുരിങ്ങയില കമ്പോസ്റ്റ്

മുരിങ്ങയിലകളും കമ്പുകളും കമ്പോസ്റാക്കി ഉപയോഗിക്കുന്നതും വളരെ ഫലപ്രദമാണ്.

മുരിങ്ങയിലപ്പൊടി

മുരിങ്ങയില പോക്ഷകങ്ങൾ നഷ്ടപ്പെടുത്താതെ തണലിലുണക്കി പൊടിച്ചെടുക്കുന്നതാണ് ഒന്നാംതരം ജൈവ വളമായ മുരിങ്ങയിലപ്പൊടി. ഇത് ആറ് മാസ്സം വരെ കേടുകൂടാതെയിരിക്കും. ചെടികളുടെ വളർച്ചക്കാവശ്യമായ പോക്ഷകങ്ങളുടെ കലവറയായ ഈ പൊടി പച്ചക്കറി കൃഷിയിയിൽ അടിവളമായും മേൽ വളമായും ഉപയോഗിക്കാം.

മുരിങ്ങയില വളങ്ങളുണ്ടാക്കി ഉപയോഗിക്കുക, പച്ചക്കറി കൃഷി ആദായകരമാക്കുക അതാകട്ടെ നമ്മുടെ മുദ്രാവാക്യം.


ചായ മൻസ, ചീരച്ചേമ്പ് എന്നിവ  ഉൾപ്പെടെയുള്ള നിത്യഹരിത ഇലക്കറിയിനങ്ങളുടെ  തൈകൾ കേരളപോണിക്സിൽ ലഭ്യമാണ്. 09387735697എന്ന നമ്പരിലോ Keralaponics ലോ ബന്ധപ്പെടുക.

No comments:

Post a Comment