Wednesday 27 July 2016

Pacu(പാക്കു)





"പാക്കുവെന്ന റെഡ്ബെല്ലി മത്സ്യകേരളത്തിനൊരു മുതൽക്കൂട്ട്"

ഇഗ്ളീഷിൽ റെഡ് പാക്കുവെന്നും മലയാളത്തിൽ നട്ടർ, റെഡ് ബെല്ലി, ചുവന്ന ആവോലി  എന്നുമൊക്കെ അറിയപ്പെടുന്ന പാക്കു മത്സ്യത്തിന്റെ ശാസ്ത്രീയ നാമം പിയാറക്ററ്സ് ബ്രാച്ചിപ്പോമം (Piaractus brachypomum) എന്നാണ്. ആമസോൺ നദിയിൽ കാണപ്പെടുന്ന നരഭോജി മത്സ്യമെന്നറിയപ്പെടുന്ന പിരാനയുമായി സാമ്യമുള്ളയീ സാധു മത്സ്യം ഏറെ തെറ്റിദ്ധരിക്കപ്പെട്ടൊരു മത്സ്യയിനമാണ്. പുതുതലമുറ ശുദ്ധ ജല വളർത്തുമത്സ്യയിനങ്ങളിൽ മുന്തിയ സ്ഥാനത്തുള്ള റെഡ് ബെല്ലി കേരളത്തിലെയും മത്സ്യ കർഷകരുടെ ഇഷ്ടയിനമായി മാറിക്കഴിഞ്ഞു. വളരെ ഉയർന്ന വളർച്ചാ നിരക്കും ഹൃദ്യമായ രുചിയുമാണ് മറ്റു വളർത്തു മത്സ്യങ്ങളെ പിന്തള്ളി പാക്കു മലയാളികളുടെയും ഇഷ്ട മത്സ്യമായി മാറാൻ കാരണം.

മൂന്നടി നീളത്തിൽ വരെ വളരുന്ന പാക്കുവിന് 25 കിലോഗ്രാമോളം ഭാരം ഉണ്ടാകാറുണ്ട്. പിരാനക്ക് കൂർത്ത മൂർച്ചയേറിയ പല്ലുകളുള്ളപ്പോൾ മനുഷ്യരുടേതിന് സാദൃശ്യമുള്ള പല്ലുകളാണ് നട്ടറിനുള്ളത്. ആഹാരപദാർത്ഥങ്ങൾ ചവച്ചരച്ചു തിന്നുന്നതിന് ഇത്തരം  പല്ലുകൾ മത്സ്യങ്ങളെ സഹായിക്കുന്നു. വയറിന്റെ ഭാഗം കടുത്ത ചുവപ്പും മുതുക് ചാര നിറത്തിലും മധ്യഭാഗം വെള്ളിനിറത്തോടും കൂടിയ പാക്കു ആകർഷകമായൊരു മത്സ്യമാണ്. പിരാനയെന്ന പേരിൽ നമ്മുടെ അക്വേറിയം ഷോപ്പുകളിൽ വിറ്റഴിക്കപ്പെടുന്നത് പാക്കു മത്സ്യത്തെയാണ്.

മിശ്രഭുക്കായ പാക്കു ശാന്ത സ്വാഭാവിയുമായതിനാൽ മറ്റു മത്സ്യങ്ങളോടൊപ്പം കമ്മ്യുണിറ്റി രീതിയിൽ വളർത്താനും യോജിച്ചതാണ്. എട്ട് മാസ്സം കൊണ്ട് ഒരു കിലോഗ്രാം ഭാരമുണ്ടാകും. വിപണിയിൽ പ്രീയമുള്ളതിനാൽ നട്ടറിനെ വളർത്തൽ വളരെ ആദായകരമായൊരു തൊഴിൽസംരംഭം തന്നെയാണ്.   



ഉയർന്ന ഗുണനിലവാരമുള്ള ഫാൻസി ഗപ്പികളുടെ വലിയൊരു ശേഖരം തന്നെ പെറ്റ്സ് പാർക്ക് ഗപ്പി ഫാമിൽ {ഗപ്പീസ് പാർക്ക്) വിൽപ്പനയ്‌ക്ക്‌ ലഭ്യമാണ്. ഫോൺ;  9387735697. ഇ-മെയിൽ; keralaponics@gmail.com.



Tuesday 19 July 2016

GIFT Tilapia (ഗിഫ്റ്റ് തിലാപ്പിയ)







“ഗിഫ്റ്റ് തിലാപ്പിയ - മത്സ്യ കർഷകർക്ക് പ്രതീക്ഷയേകുന്ന പുതുതരംഗം.”

ജലക്കോഴി (Aquatic chicken) എന്ന അപരനാമത്തിലറിയപ്പെടുന്ന തിലാപ്പിയ മത്സ്യങ്ങളിൽ നിന്നും വികസിപ്പിച്ചെടുത്തൊരു മെച്ചപ്പെട്ട മത്സ്യയിനമാണ് ഗിഫ്റ്റ്(Genitically Improved Farmed Tilapia). ഭാരതത്തിൽ ഗിഫ്റ്റ് തിലാപ്പിയ വികസിപ്പിച്ചെടുത്ത ത് സമുദ്രോൽപ്പന്ന കയറ്റുമതി വികസന ഏജൻസിയുടെ ജലകൃഷി ഗവേഷണ വികസന സ്ഥാപനമായ രാജീവ്ഗാന്ധി സെന്റർ ഫോർ അക്വാകൾച്ചറിന്റെ വിജയവാഡയിലുള്ള തിലാപ്പിയ പ്രൊജക്ടി ലാണ്. ഏഴോളം നൈൽ തിലാപ്പിയയിനങ്ങളിൽ നിന്നും ജനിതക രീതികളവലംബിച്ചു   ഉത്പ്പാദിപ്പിച്ചതാണീ പുതുതാരം  

ഇന്ത്യൻ സാഹചര്യങ്ങളിൽ നന്നായി വളർന്നു കിട്ടുന്ന ഗിഫ്റ്റ് തിലാപ്പിയയുടെ മാംസം രുചികരവും പോക്ഷക സമൃദ്ധവുമാണ്. വർഷത്തിൽ രണ്ടു പ്രാവശ്യം വിളവെടുപ്പ് നടത്താമെന്നൊരു നേട്ടവുമുണ്ട്. ഉയർന്ന തീറ്റ പരിവർത്തന ശേഷി രേഖപ്പെടുത്തിയിട്ടുള്ള ഗിഫ്റ്റ് തിലാപ്പിയ പ്രോട്ടീൻ കുറഞ്ഞ തീറ്റ കഴിച്ചും നല്ല വളർച്ച കാണിക്കുന്നതാണ്. ഉയർന്ന രോഗപ്രതിരോധശേഷി, ഏതു കാലവസ്ഥയിലും ജീവിക്കാനുള്ള കഴിവ്, മിശ്രഭുക്ക് തുടങ്ങിയ സ്വഭാവങ്ങൾ തിലാപ്പിയയ്ക്കു ലോകശ്രദ്ധനേടിക്കൊടുക്കുകയും 85-ലധികം രാജ്യങ്ങളിലെ ഇഷ്ടവളർത്തുമത്സ്യമായി മാറാനും ഇവയ്ക്കു കഴിഞ്ഞു.   6 മാസ്സം കൊണ്ട് 800ഗ്രാം വരെ ഭാരം വയ്ക്കുന്ന ഗിഫ്റ്റ് തിലാപ്പിയയെ വളർത്തുന്നത് വളരെ ആദായകരമായൊരു തൊഴിൽ സംരംഭം തന്നെയാണ്. 

ലോകമെമ്പാടും മത്സ്യപ്രീയരുടെ ഇഷ്ടമത്സ്യമെന്ന ഖ്യാതിനേടിയപ്പോഴും കേരളീയർ സാധാരണ തിലാപ്പിയയെ കളമത്സ്യമായി കരുതി പടിക്കു പുറത്താക്കിയിരുന്നതാണ്. എന്നാൽ ഗിഫ്റ്റ് തിലാപ്പിയയുടെ ആവിർഭാവത്തോടെ കഥയാകെ മാറുകയും രുചികരമായതും താരതമ്യേന വിലക്കുറവുള്ളതുമായ ഗിഫ്റ്റ് തിലാപ്പിയക്ക്‌ ആവശ്യക്കാരുടെ എണ്ണം ദിനംപ്രതിയെന്നോണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ആവശ്യക്കാരേറിയതോടെ കേരളത്തിലങ്ങോളമിങ്ങോളം മത്സ്യ കർഷകർ ഗിഫ്റ്റ് കൃഷിയിലേക്കു കളം മാറ്റിക്കൊണ്ടിരിക്കുകയാണ്.

സംസ്ഥാന ഫിഷറീസ് വകുപ്പിൻറെ ലൈസൻസ് ലഭിച്ചിട്ടുള്ള മത്സ്യ കർഷകർക്ക് സമുദ്രോൽപ്പന്ന കയറ്റുമതി വികസന ഏജൻസിയുടെ വല്ലാർപാടത്തുള്ള ഹാച്ചറിയിൽ നിന്നും കേരള ഫിഷറീസ് വകുപ്പിന്റെ നെയ്യാർ ഡാമിലുള്ള ഹാച്ചറിയിൽ ഗിഫ്റ്റ് മത്സ്യക്കുഞ്ഞുങ്ങളെ ലഭിക്കുന്നുണ്ട്. മറ്റ് ഏജൻസികളിൽ നിന്നൊന്നും യഥാർത്ഥ ഗിഫ്റ്റ് മത്സ്യക്കുഞ്ഞുങ്ങളെ കിട്ടുകയില്ല.
വല്ലാർപാടം ഹാച്ചറി - 0484-2975595; നെയ്യാർ ഡാം ഹാച്ചറി - 0471-2271099.







ഉയർന്ന ഗുണനിലവാരമുള്ള ഫാൻസി ഗപ്പികളുടെ വലിയൊരു ശേഖരം തന്നെ പെറ്റ്സ് പാർക്ക് ഗപ്പി ഫാമിൽ {ഗപ്പീസ് പാർക്ക്) വിൽപ്പനയ്‌ക്ക്‌ ലഭ്യമാണ്. ഫോൺ;  9387735697. ഇ-മെയിൽ; keralaponics@gmail.com.