Wednesday 22 March 2017

Chinese Violet (തുപ്പലംപൊട്ടി)


"തുപ്പലംപൊട്ടി അഥവാ വേലിപ്പടക്കം; ഔഷധഗുണ സമ്പന്നമായൊരു പോക്ഷകച്ചീര"




ലോകമെങ്ങും കാണപ്പെടുന്നൊരു ചെറു സസ്യമാണ് ചൈനീസ് വയലറ്റ് എന്നറിയപ്പെടുന്ന തുപ്പലംപൊട്ടി. ഒരു മീറ്ററോളം നീളത്തിൽ പടർന്നു വളരുന്ന തുപ്പലംപൊട്ടിയുടെ ശാസ്ത്രീയനാമം Asystasia gangetica എന്നാണ്. ഇതിന്റെ ഉണങ്ങിയ കായ്കൾ വെള്ളം നനഞ്ഞാൽ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുന്നതിനാൽ കുട്ടികൾ വേലിപ്പടക്കമെന്ന പേരിൽ പൊട്ടിച്ചു കളിക്കാനുപയോഗിക്കു മായിരുന്നു.

പോക്ഷക സമൃദ്ധമായ നല്ലൊരു കറിയിലയാണ് തുപ്പലംപൊട്ടി. മുകുളങ്ങളും തളിരിലകളും നുള്ളിയെടുത്താണ് കറികൾക്ക് ഉപയോഗിക്കുന്നത്.  തുപ്പലംപൊട്ടിയിലകൾ ആസ്ത്മയ്ക്കുള്ള നല്ല മരുന്നാണ്.  മിക്കരാജ്യങ്ങളിലും സമൂലം നാട്ടുമരുന്നായി ഉപയോഗിച്ചു വരുന്ന തുപ്പലംപൊട്ടിയിൽ കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻസ്, ആൽക്കലോയിഡ്സ്, ടാനിൻസ്, സ്റ്റീറോയിഡൽ സാപ്പോണിൻസ്, ഫ്ളേവനോയിഡ്സ് എന്നിവയ്ക്ക് പുറമെ മറ്റനേകം ഉപകാരപ്രദമായ സംയുക്തങ്ങളൂം
അടങ്ങിയിട്ടുള്ളതായി പല പഠനങ്ങളിലും തെളിഞ്ഞിട്ടുള്ളതാണ്. ശ്വാസകോശത്തിലെയും തൊണ്ടയിലെയും അസുഖങ്ങൾ, പനിയോടനുബന്ധിച്ചുള്ള ശരീരം വേദന, വയറുവേദന, എപ്പിലപ്സി മുതലായ രോഗങ്ങളുടെ ചികിത്സയ്ക്കും വേലിപ്പടക്കത്തിനെ ഉപയോഗ പ്പെടുത്തുന്നുണ്ട്.

ചായ മൻസ, ചീരച്ചേമ്പ്‌, രംഭ എന്നിവയുടെ തൈകളും  പുതുതലമുറ വളർത്തു മത്സ്യങ്ങളായ ഗിഫ്റ്റ് തിലാപ്പിയ, നട്ടർ, മലേഷ്യൻ വാള എന്നിവയുടെ കുഞ്ഞുങ്ങളും കേരളാപോണിക്സിൽ ലഭ്യമാണ്. ഫോൺ;  9387735697. -മെയിൽ; keralaponics@gmail.com.





  

 


 

 

Saturday 18 March 2017

Fermented Greenleaf Tea (പുളിപ്പിച്ച പച്ചിലസത്ത്.)





പുളിപ്പിച്ച പച്ചിലസത്ത് ഒന്നാംതരം ജൈവവളർച്ചാത്വരകം.

കുറഞ്ഞ ചിലവിൽ ഗുണമേന്മയുള്ള കൂടുതൽ ഉത്പ്പന്നങ്ങളുണ്ടാക്കി വിപണനം നടത്താൻ കഴിയുകയെന്നുള്ളതാണ് ഏതൊരു ഉത്പ്പാദന സംരംഭങ്ങളുടെയും വിജയരഹസ്യം. പൊതുതത്വം    ജൈവ കൃഷിക്കും ബാധകമാണ്. താരതമ്യേന ഉയർന്ന കൃഷിച്ചിലവുണ്ടാകുന്ന നമ്മുടെ സംസ്ഥാനത്ത് കൂനിന്മേൽ കുരുവെന്നപോലെയാണ് വിവിധ ജൈവ ബ്രാൻഡുകളിൽ വിൽക്കപ്പെടുന്ന വളങ്ങളുടെയും കീട-കുമിൾ നാശിനികളുടെയും താങ്ങാനാവാത്ത വില

നമ്മുടെ കൃഷിക്കാവശ്യമായ ജൈവ വളങ്ങളും കീട-കുമിൾ നാശിനികളും സ്വന്തമായി തയ്യാറാക്കി ഉപയോഗിക്കുകയെന്നതാണ് ജൈവക്കൃഷി ലാഭകരമാക്കാനുള്ള പ്രധാന മാർഗ്ഗം. അത്തരമൊരു ജൈവവള നിർമ്മാണ രീതി വിവരിക്കുകയാണിവിടെ. വിളകൾക്ക് ശല്യക്കാരായ കളകളും മറ്റു പച്ചിലകളും ശേഖരിച്ചു വലിയ ചിലവൊന്നുമില്ലാതെ സ്വന്തമായി തയ്യാറാക്കാവുന്ന ഒന്നാംതരം വളർച്ചാത്വരകമാണ് പുളിപ്പിച്ച പച്ചിലസത്ത്  അഥവാ കളസത്ത്. നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാഷ്, ഇരുമ്പ്, മഗ്നീഷ്യം, സിങ്ക് എന്നിവ ധാരാളമടങ്ങിയ പച്ചിലസത്ത് വിളകൾക്കാവശ്യമായ സൂക്ഷ്മ മൂലകങ്ങളാലും സമ്പന്നമാണ്.

50 ലിറ്റർ പച്ചിലസത്തുണ്ടാക്കാൻ വേണ്ട സാധനങ്ങൾ.

കളകളും പച്ചിലകളും - 10kg
ശർക്കര - 100g 
കല്ലുപ്പ് - 100g
വാളൻപുളി - 100g
വെള്ളം - 50ലിറ്റർ.

തയ്യാറാക്കുന്ന വിധം
 
50 ലിറ്റർ കൊള്ളുന്ന പ്ലാസ്റ്റിക് പാത്രത്തിൽ (ബാരലോ, ബക്കറ്റോ ആകാം)  5ലിറ്റർ വെള്ളമെടുത്തതിൽ ശർക്കര, പുളി, ഉപ്പ് എന്നിവയിട്ട് നന്നായി ലയിപ്പിച്ചെടുക്കണം. പ്രസ്തുത ലായനിയിലേക്കു കളകളും പച്ചിലകളും ചെറുതായി കൊത്തിയരിഞ്ഞതിട്ടു  ഇളക്കിച്ചേർത്തതിനു ശേഷം ബാക്കി വെള്ളവും കൂടി ചേർത്ത് ബാരൽ നിറച്ചിട്ടു ചണച്ചാക്കുകൊണ്ട് മൂടി  15 ദിവസ്സം വച്ചിരിക്കണം. ദിവസ്സവും ഒരു നേരമെങ്കിലും നന്നായി ഇളക്കിക്കൊടുക്കുന്നത് നല്ലതാണ്. പതിനാറാം ദിവസ്സം മുതൽ പച്ചിലസത്ത് ഉപയോഗിക്കാൻ റെഡിയാകും. പിഴിഞ്ഞ് അരിച്ചെടുത്തുപയോഗിക്കാം.

ഉപയോഗക്രമം.

ചെടികളുടെ ചുവട്ടിൽ നേരിട്ടു ഒഴിച്ചു കൊടുക്കാനും ഇലകളിൽ തളിച്ചുകൊടുക്കാനും പുളിപ്പിച്ച പച്ചില സത്ത് നല്ലതാണ്. ചുവട്ടിൽ ഒഴിച്ചു കൊടുക്കാനുള്ള ലായനി അരിക്കേണ്ടതില്ല. ചെടികൾക്ക് നല്ല പ്രതിരോധ ശേഷിയും ത്വരിത വളർച്ചയും ഉറപ്പാക്കുന്നതാണീ ജൈവവളം.
 
ചായ മൻസ, ചീരച്ചേമ്പ്‌, രംഭ എന്നിവയുടെ തൈകളും  പുതുതലമുറ വളർത്തു മത്സ്യങ്ങളായ ഗിഫ്റ്റ് തിലാപ്പിയ, നട്ടർ, മലേഷ്യൻ വാള എന്നിവയുടെ കുഞ്ഞുങ്ങളും കേരളാപോണിക്സിൽ ലഭ്യമാണ്. ഫോൺ;  9387735697. -മെയിൽ; keralaponics@gmail.com.