“വളർത്തുമത്സ്യങ്ങളിൽ പുതുതരംഗമായി
അനാബസെന്ന കല്ലേമുട്ടി.”
പുതുതലമുറ വളർത്തുമത്സ്യങ്ങളിൽ പ്രഥമ ഗണനീയമാണ് അനാബസ് എന്ന കല്ലേമുട്ടി. ഇംഗ്ളീഷിൽ ക്ലൈംബിങ്ങ് പേർച് (Climbing perch) എന്നറിയപ്പെടുന്നയീ മത്സ്യം പ്രാദേശികമായി കരട്ടി, ചെമ്പല്ലി,
കൈതക്കോര, കരിപ്പിടി, കല്ലേരീ, കല്ലുരുട്ടി എന്നീ പേരുകളിലും അറിയപ്പെടുന്നു.
ഏഷ്യൻ ഭൂഖണ്ഡത്തിലുദ്ഭവിച്ചതെന്ന് കരുതപ്പെടുന്ന ഗൗരാമി കുടുംബക്കാരനായ കല്ലേമുട്ടിയുടെ ശാസ്ത്രീയ
നാമം അനാബസ് ടെസ്റ്റ്യുഡിനിയസ് എന്നാണ്. ലോകമെങ്ങും സാന്നിദ്ധ്യമറിയിക്കാനീ ചെറുമീനിനു കഴിഞ്ഞിട്ടുണ്ട്.
നാടൻ മത്സ്യമായ കല്ലേമുട്ടിക്കൊരു വളർത്തു മത്സ്യമെന്ന പരിഗണന കിട്ടിയിരുന്നില്ല. എന്നാൽ അടുത്തകാലത്തായി ബംഗ്ളാദേശ്, വിയറ്റ്നാം എന്നിവിടങ്ങളിൽ നിന്നും ഇറക്കുമതി ചെയ്ത വളർച്ചാ നിരക്ക് കൂടിയ ഇനങ്ങൾ പ്രചാരത്തിലായതോടെ അനാബസ് തരംഗമായി മാറുകയായിരുന്നു. കരയിൽ പിടിച്ചിട്ടാൽപ്പോലും ചാകാത്ത അനാബസ് രുചിരാജനെന്നു പേരെടുത്ത മീനാണ്. 6 മാസ്സം കൊണ്ട് 400 ഗ്രാം വരെ തൂക്കം വയ്ക്കുമെന്നുള്ളതും, നിശ്ചിത സ്ഥലത്ത് വളരെക്കൂടുതലെണ്ണം വളർത്താമെന്നുള്ളതും ഏത് പ്രതികൂല സാഹചര്യങ്ങളെയും അതിജീവിക്കാനുള്ള അപാര കഴിവും അനാബസിന്റെ മാത്രം പ്രത്യേകതകളാണ്. കരയിലൂടെ വളരെ ദൂരം ഇഴഞ്ഞു നീങ്ങാനുള്ള കഴിവും ഇവയ്ക്കുണ്ട്.
തോടുകളിലും മറ്റു ജലാശയങ്ങളിലും ചെറിയ മീനുകളെയും മറ്റു ജലജീവികളെയും ജൈവ അവശിഷ്ടങ്ങളുമൊക്കെ ഭക്ഷിച്ചു ജീവിക്കുന്ന കല്ലേമുട്ടി വളർത്തുകുളങ്ങളിൽ നമ്മൾ നൽകുന്ന തീറ്റകളുമായി വളരെവേഗം പൊരുത്തപ്പെട്ട് നല്ല വളർച്ചാനിരക്ക് കാണിക്കുന്നുണ്ട്. ഒരു ചതുരശ്ര മീറ്ററിൽ 10-15 എണ്ണം വരെ വളർത്താമെന്നുള്ളത് അനാബസ് മത്സ്യത്തിന്റെ പ്രത്യേകതയാണ്. ടാങ്കുകളിൽ വളർത്തുമ്പോൾ മാർക്കറ്റിൽ ലഭ്യമായ മാംസ്യത്തിന്റെ ശതമാനം കൂടുതലുള്ള ക്യാറ്റ് ഫിഷുകൾക്കുള്ള തീറ്റ നൽകുന്നതാണ് നല്ലത്.
മത്സ്യം വളർത്തലിൽ തുടക്കക്കാർക്കും അക്വാപോണിക്സ് കൃഷിക്കാർക്കും ഏറ്റവും യോജിച്ച മീനാണ് അനാബസെന്നത്
മത്സ്യകൃഷിയിൽ ഈ മീനിന് പ്രാമുഖ്യം കിട്ടാൻ പ്രധാന കാരണമായിട്ടുണ്ട്.
ഉയർന്ന ഗുണനിലവാരമുള്ള ഫാൻസി ഗപ്പികളുടെ വലിയൊരു ശേഖരം തന്നെ പെറ്റ്സ് പാർക്ക് ഗപ്പി ഫാമിൽ {ഗപ്പീസ് പാർക്ക് )വിൽപ്പനയ്‌ക്ക് ലഭ്യമാണ്. ഫോൺ; 9387735697. ഇ-മെയിൽ; keralaponics@gmail.com.