Friday 9 October 2015

Passion Fruit (പാഷൻ ഫ്രൂട്ട്)






സ്വാദിഷ്ടമായ പാഷൻ ഫ്രൂട്ടൊരു ദിവ്യൗഷധി

നമുക്ക് സുപരിചിതമായൊരു  ഫലമാണെങ്കിലും ഉന്മേഷദായിനിയായ പാഷൻ ഫ്രൂട്ടിന്റെ പോക്ഷക ഗുണങ്ങളെയും ഔഷധ ഗുണങ്ങളെയും കുറിച്ച് നാമിന്നും ബോധാവാന്മാരല്ലെന്നുള്ളതാണ് സത്യം. പാസ്സിഫ്ലോറ എട്യുലിസ്(Passiflora edulis) എന്ന ശാസ്ത്രീയ നാമത്തിലറിയപ്പെടുന്ന എവിടെയും പടർന്നു കയറുന്നൊരു വള്ളിച്ചെടിയാണിത്. കേരളത്തിൽ ബോഞ്ചിക്ക, വള്ളി ഓറഞ്ച്,  വള്ളിനാരങ്ങ, മുസ്സോളിക്കായ്‌, മുസ്സോളിങ്ങ, സർബത്തുംകായ എന്നീ പേരുകളിലും  പാഷൻ ഫ്രൂട്ട് അറിയപ്പെടുന്നു.  തെക്കേ അമേരിക്കയിൽ ഉത്ഭവിച്ചു ലോകം മുഴുവൻ വ്യാപിച്ചൊരു ഫല സസ്യമാണിത്. ഉഷ്ണ-മിതോഷ്ണ മേഖലാ പ്രദേശങ്ങളിലാണ്പാഷൻ ഫ്രൂട്ട് നന്നായി വളരുന്നത്. മഞ്ഞ, പർപ്പിൾ നിറങ്ങളിലുള്ള  പാഷൻ ഫ്രൂട്ടുകളാണ് സാധാരണ കൃഷി ചെയ്തു വരുന്നത്. 
തെക്കേ അമേരിക്കയിൽത്തന്നെയാണ് ലോകത്ത് ഏറ്റവും കൂടുതൽ പാഷൻ ഫ്രൂട്ട് കൃഷി ചെയ്യുന്നത്. ഇന്ത്യയിൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ വ്യാപകമായി വാണിജ്യാടിസ്ഥാനത്തിൽ പാഷൻ ഫ്രൂട്ട് കൃഷി ചെയ്തുവരുന്നു. കേരളത്തിൽ ഹൈറേഞ്ച് മേഖലയിലും വാണിജ്യാടിസ്ഥാനത്തിൽ പാഷൻ ഫ്രൂട്ട് കൃഷി നടക്കുന്നുണ്ട്.

പാഷൻ ഫ്രൂട്ട്- ഔഷധ രംഗത്തുള്ള ഉപയോഗങ്ങൾ

തളർച്ചയകറ്റി ഉന്മേഷം നല്കാൻ അപാര ശേഷിയുള്ളതാണ് പാഷൻ ഫ്രൂട്ട്. ഇതിലടങ്ങിരിക്കുന്ന പാസ്സിഫോറിനാണ് ശരീര വേദന ശമിപ്പിച്ചു ഉന്മേഷം വീണ്ടെടുക്കാൻ സഹായിക്കുന്നത്. പുരാതന കാലം മുതൽ ഉറക്കമില്ലായ്മക്കും മന സംഘർഷത്തിനും ഔഷധമായി പാഷൻ ഫ്രൂട്ട് ജ്യൂസുപയോഗിച്ചു വരുന്നു. ദഹന പ്രക്രിയ സുഗമമാക്കാനും ശരീര ഭാരം കുറയ്ക്കാനും പ്രമേഹം, രക്ത സമ്മര്ദ്ദം, ഹൃദ്രോഗം എന്നിവ നിയന്ത്രിക്കാനും  ആസ്ത്മാ, മൈഗ്രേൻ എന്നിവയുടെ ചികിത്സയ്ക്കും പാഷൻ ഫ്രൂട്ട് ഫലപ്രദമാണ്.
കൂടാതെ പാഷൻ ഫ്രൂട്ടിന്റെ ഇലകളിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ പ്രമേഹം നിയന്ത്രണത്തിലാക്കാം. 
   
പാഷൻ ഫ്രൂട്ട്- പോക്ഷക മൂല്യം

100 ഗ്രാം പാഷൻ ഫ്രൂട്ടിൽ അടങ്ങിയിട്ടുള്ള പോക്ഷകങ്ങൾ;

വിറ്റാമിൻ C - 25mg
വിറ്റാമിൻ A - 54 മൈക്രോഗ്രാം
കാർബോഹൈഡ്രെറ്റ് - 12.4g
പ്രോട്ടീൻ - 0.9 g
ഫോസ്ഫറസ് -60 mg
കാത്സ്യം -10mg
പൊട്ടാസ്യം -189mg
സോഡിയം -15mg
ഇരുമ്പ് -2mg
ഇവയെക്കൂടാതെ നിരോക്സീകാരികളുടെ നല്ലൊരു ശേഖരവും പാഷൻ ഫ്രൂട്ടിലുണ്ട്.

പാഷൻ ഫ്രൂട്ട്- ഭഷ്യ രംഗത്തുള്ള ഉപയോഗങ്ങൾ

പാഷൻ ഫ്രൂട്ട് പല രൂപത്തിലും നമ്മുടെ ആഹാരത്തിന്റെ ഭാഗമാക്കാവുന്നതാണ്.ഫലം മുറിച്ചു കാമ്പെടുത്തു തനിയെയോ മധുരം ചേർത്തോ കഴിക്കാം. ജ്യൂസ്, സിറപ്പ്, വൈൻ, സ്ക്വാഷ്, ജെല്ലി, എന്നിവയുണ്ടാക്കാനും പുറം തൊണ്ട് കൊണ്ട് അച്ചാരുണ്ടാക്കാനും , സമൂലം ചമ്മന്തിയുണ്ടാക്കാനും  മറ്റു പാചക വിധികളിൽ ചേരുവയായും  പാഷൻ ഫ്രൂട്ട് ഉപയോഗിച്ച് വരുന്നു. പഴച്ചാരുകൾക്ക് മണവും നിറവും നല്കാനും പാഷൻ ഫ്രൂട്ട് ഉപയോഗിക്കുന്നു.

പാഷൻ ഫ്രൂട്ട്- കൃഷി രീതി 

വള്ളികൾ മുറിച്ചു നട്ടും വിത്തുകളുപയോഗിച്ചും വംശ വർദ്ധന നടത്താവുന്നതാണ് പാഷൻ ഫ്രൂട്ട്. വള്ളി മുറിച്ചു നടുന്ന തൈകളാണ് പെട്ടെന്ന് കായ്ഫലം തരുന്നത്. വിത്തുകളുപയോഗിക്കുമ്പോൾ രണ്ടു ദിവസ്സം വെള്ളത്തിൽ കുതിര്ത്തു വച്ചിട്ട് പാകണം. കിളിർത്ത് രണ്ടാഴ്ച കഴിഞ്ഞു പൊളി ബാഗിലേക്കു മാറ്റാം. ഏഴടി ഉയരത്തിൽ പന്തലിട്ടു പടർത്തുന്നതാണ് കൂടുതൽ പ്രയോജനപ്രദം. തൈകൾ നട്ട് ഒരു വർഷത്തിനകം കായ്ച്ചു തുടങ്ങും. മേയ്-ജൂണ്‍, സെപ്തംബർ- ഒക്ടോബർ കാലങ്ങളിലാണ്
കായ്ക്കുന്നത്. വാണിജ്യാടിസ്ഥാനത്തിലുള്ള  പാഷൻ ഫ്രൂട്ട് കൃഷിക്ക് വേണ്ടിയുള്ള സാങ്കേതിക സഹായം വഴക്കുളത്ത് പ്രവർത്തിക്കുന്ന പൈനാപ്പിൾ ഗവേഷണ കേന്ദ്രത്തിൽ ലഭ്യമാണ്.  
ഓരോ വീട്ടിലും ഒരു പാഷൻ ഫ്രൂട്ടെങ്കിലും നട്ടു പിടിപ്പിക്കുകയും അതിന്റെ ഫലം ആഹാരത്തിന്റെ ഭാഗമാക്കുകയും ചെയ്യുക. വീട്ടിൽ ത്തന്നെയുണ്ടാക്കാവുന്ന വിഷമില്ലാത്തൊരു പോക്ഷക-ഔഷധ കലവറയാ  ണിത്. 
 
Saplings of evergreen vegetables including chaya mansa are available with Keralaponics. Contact us on 9387735697 or keralaponics@gmail.com 

No comments:

Post a Comment